Tuesday, September 17, 2013

സത്യന്‍ താന്നിപ്പുഴയുടെ പുസ്തക പ്രകാശനം

സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും 

എന്ന പുസ്തകം ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറ,
 കാലടി എസ്.മുരളീധരന് നല്‍കി പ്രകാശനം ചെയ്യുന്നു. 
കോടനാട് സര്‍ഗ്ഗവേദി പ്രസിഡന്റ് ജിതേഷ് വേങ്ങൂര്‍, 
ആശാന്‍ സ്മാരക സാഹിത്യവേദി ട്രഷറര്‍ എം സുകുമാരന്‍,
 പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍, സത്യന്‍ താന്നിപ്പുഴ,
 യുവകഥാകൃത്ത് പി.എസ് ദേവദത്ത്, സുരേഷ് കീഴില്ലം, 
ആശാന്‍ സ്മാരക സാഹിത്യ വേദി വൈസ് പ്രസിഡന്റ് 
എം.എം ഓമനക്കുട്ടന്‍ തുടങ്ങിയവരേയും കാണാം.

ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപടിയില്‍ (1.09.2013) ഇത്തവണ പ്രകാശനം ചെയ്തത് ശ്രീ.സത്യന്‍ താന്നിപ്പുഴയുടെ മുത്തശ്ശിയും ഉണ്ണിയപ്പവും എന്ന പുസ്തകമാണ്. മിഷന്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന പ്രശസ്ത ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. കാലടിയിലെ ബുധ സംഗമം എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ സംഘാടകനും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ ലൈബ്രേറിയനുമായ കാലടി എസ് മുരളീധരന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സത്യന്‍ താന്നിപ്പുഴ സാഹിത്യലോകത്തേയ്ക്ക് വരുന്നത് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ്. ഇപ്പോള്‍ നന്നായി അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ്. നാല്‍പതോളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 
സത്യന്‍ താന്നിപ്പുഴയുമായി എനിയ്ക്കുള്ളത് വര്‍ഷങ്ങളുടെ ബന്ധമാണ്. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന വേദിയില്‍ ഉള്‍പ്പെടാനും അതിന്റെ സംഘാടകനാകാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
മറ്റൊരു സന്തോഷം, പുസ്തക പ്രകാശനത്തിന് എത്തിയ ഷാജി മാലിപ്പാറയുമായി കാണാന്‍ ഏകദേശം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷം അവസരം ലഭിച്ചതിലാണ്. മൂവാറ്റുപുഴ നിര്‍മ്മല സ്‌കൂളില്‍ മിഷന്‍ മാസിക കുട്ടികള്‍ക്കായി നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ ഒരു കേവല നിരീക്ഷകനായിട്ടാണ് അന്നു ഞാന്‍ എത്തിയത്. എന്നെ തിരിച്ചറിഞ്ഞ ഷാജി, കുട്ടികളോട് കഥകളെ പറ്റി സംസാരിയ്ക്കണം എന്നാവശ്യപ്പെട്ടു. എന്തൊക്കെയോ പറഞ്ഞു. പിരിഞ്ഞു.
പിന്നീട് ഷാജി മാലിപ്പാറയെ കാണുന്നത് ഈ ചടങ്ങിലാണ്. ഇതിനോടകം ഷാജി മാലിപ്പാറയുടെ മുപ്പത്തിയഞ്ചോളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. തേവര യു.പി സ്‌കൂളില്‍ അദ്ധ്യാപകനായി. ടി.വി/റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലും സജീവമായി. 
ഏതുനിലയ്ക്കും ഈ പ്രകാശന ചടങ്ങും ഒരു നല്ല ഓര്‍മ്മ. 

No comments: