Sunday, October 21, 2012

സ്വാഗതം, നളന്ദയിലേയ്ക്ക്..


പി.കെ നരേന്ദ്രദേവിനൊപ്പം

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പി.കെ നരേന്ദ്രദേവിനെ കണ്ടു. അത്ഭുതം കലര്‍ന്ന ആദരവ് തോന്നിയിട്ടുള്ള ഒരു സൗഹൃദം.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ സഹോദരി സജിതയുടെ സുഹൃത്തിന് വേണ്ടിയാണ് പി.കെ എന്ന് എല്ലാവരും വിളിയ്ക്കുന്ന നരേന്ദ്രദേവിനെ തേടിപ്പോയത്. ബാലപ്രസിദ്ധീകരണങ്ങളെ പറ്റി ഗവേഷണം ചെയ്യുന്ന പട്ടാമ്പി സ്വദേശിനിയായ സ്മിതയ്ക്ക് ചില പഴയ ബാലപ്രസിദ്ധീകരണങ്ങള്‍ വേണ്ടിയിരുന്നു. അതിന് സമീപിയ്ക്കാവുന്ന ഏറ്റവും നല്ല വ്യക്തി എന്ന നിലയ്ക്കാണ് ഞങ്ങള്‍ തിരുമാറാടിയിലുള്ള നളന്ദ എന്ന പി.കെ യുടെ വീട്ടില്‍ എത്തിയത്. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പഴയതും പുതിയതുമായ പ്രസിദ്ധീകരണങ്ങള്‍ ഒരു നിയോഗം കണക്കെ സൂക്ഷിച്ചുവയ്ക്കുന്ന മഹാമനുഷ്യനാണ് ഇദ്ദേഹം.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ച പി.കെ 1997-ല്‍ സ്വന്തം നാട്ടില്‍ ഒരു  സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സാഹിത്യ നിരൂപകരായ പ്രൊഫ. എം തോമസ് മാത്യു, പ്രൊഫ.വി.എം വിനയകുമാര്‍, കഥാകൃത്തുക്കളായ വൈശാഖന്‍, ജോര്‍ജ് ജോസഫ് കെ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഞാനും ഒരു അംഗമായിരുന്നു.
അങ്ങനെയാണ് പി.കെ നരേന്ദ്രദേവ് എന്ന മനുഷ്യനുമായുള്ള 
എന്റെ സൗഹൃദത്തിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെ അമൂല്യമായ മാസിക ശേഖരം പലവട്ടം കണ്ടു. അത് പലവട്ടം ഉപയോഗിച്ചു.
അതിനിടയിലാണ് ഈ അപൂര്‍വ്വ ശേഖരത്തില്‍ നിന്ന് പി.കെ കവികള്‍ എഴുതിയ കഥകള്‍ കണ്ടെടുക്കുന്നത്. ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ എഴുതിയ അപൂര്‍വ്വങ്ങളായ കഥകള്‍ -കവികള്‍ എഴുതിയ കഥകള്‍ എന്ന പേരില്‍ പുറത്തു വന്നു.
പിന്നീട് എപ്പോഴോ മാധ്യമം വാരാദ്യപതിപ്പില്‍ ഞാന്‍ പി.കെ യെ പറ്റി എഴുതി. കവികള്‍ എഴുതിയ കഥകളെ പറ്റി എവിടെയോ ഒരു പുസ്തകക്കുറിപ്പും എഴുതി.
പി.കെ തന്റെ മാസികാ ശേഖരത്തിനൊപ്പം 
പിന്നെ, എഴുത്തും വായനയുമില്ലാതെ പോയ നീണ്ട കുറേ വര്‍ഷങ്ങള്‍. അതിനിടയില്‍ പി.കെ പലവട്ടം എന്നെ തേടിയെത്തി. എഴുതാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍, മെല്ലെമെല്ലെ ആ ബന്ധം അകന്നു.
നാളുകള്‍ക്ക് ശേഷം ഇന്ന്‌ വീണ്ടും അദ്ദേഹത്തെ കാണുകയായിരുന്നു. അതിനിടയില്‍ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിയ്ക്കുന്നു. വാര്‍ദ്ധക്യം അല്പം കൂടി അദ്ദേഹത്തെ വിവശനാക്കിയിട്ടുണ്ട്.
പക്ഷെ, അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വമുള്ള ആതിഥേയത്വം. ചിരി. സ്‌നേഹം...എല്ലാം അതേപടി...
എന്നാല്‍ പി.കെയുടെ മാസികാശേഖരം  വീണ്ടും വളര്‍ന്നിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരവും ഓര്‍മ്മക്കുറിപ്പുകളും പുറത്തിറങ്ങുകയും ചെയ്തിരിയ്ക്കുന്നു.
28-ന് പട്ടാമ്പിയില്‍ നടക്കുന്ന മാസികാ പ്രദര്‍ശനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വാര്‍ദ്ധക്യത്തിനോ രോഗത്തിനോ തളര്‍ത്താന്‍ കഴിയാത്ത ഉത്സാഹമാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം.
മഞ്ജു, സജിത, സ്മിത എന്നി ഗവേഷക വിദ്യാര്‍ത്ഥിനികള്‍ 

പി.കെ നരേന്ദ്രദേവിനൊപ്പം 
നളന്ദയിലെ മാസികാ ശേഖരത്തില്‍ നിന്ന് സ്മിത ഒരിക്കലും കാണാത്ത, പ്രതീഷിയ്ക്കാത്ത ബാലപ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്ത് അത്ഭുതം കൊണ്ടു. ഒപ്പമുള്ള തൃശൂര്‍ സ്വദേശിനി മഞ്ജു ആയുര്‍വേദത്തിലാണ് ഗവേഷണം എന്നറിഞ്ഞപ്പോള്‍ അദ്ദേഹം എടുത്തു കൊടുത്തത് അതുമായി ബന്ധപ്പെട്ട ഒരു താളിയോല ഗ്രന്ഥം.
വീണ്ടും പലവട്ടം വരേണ്ടി വരും ഈ അക്ഷര സമുദ്രം നീന്തിക്കടക്കാന്‍ എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ എഴുന്നേറ്റു.
മടങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു.
ഇവിടേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, അക്ഷരങ്ങളെ സ്‌നേഹിയ്ക്കുന്നവര്‍ക്ക്...

Wednesday, September 26, 2012

വിശകലനത്തില്‍...


രണ്ടു മൈക്രോ നോവലുകള്‍ക്ക് 
വിശകലനത്തിന്റെ താളുകളില്‍ ഇടം. 
പത്രാധിപര്‍ക്ക് നന്ദി

Tuesday, September 4, 2012

മംഗളം ഓണപ്പതിപ്പില്‍


ഈ വര്‍ഷത്തെ മംഗളം ഓണപ്പതിപ്പില്‍ കഥ. പെണ്‍വായനകള്‍. ശ്രദ്ധിയ്ക്കുമല്ലോ.


Sunday, September 2, 2012

കഥകളുടെ പുതിയ പൂന്തോട്ടം

പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍/
 ബ്ലോഗ്‌ കഥകളുടെ സമാഹാരം
 പ്രസാധകര്‍: ഇന്‍സൈറ്റ്‌ പബ്ലിക്ക,
 കോഴിക്കോട്‌/
പേജ്‌ :146-
വില 110 
 സുരേഷ്‌ കീഴില്ലം

 മലയാളത്തിന്റെ കഥാലോകം എക്കാലത്തും ഹരിതാഭമാണ്‌. ആഖ്യാനത്തിന്റെ മികവും മൗലികതയും കൊണ്ട്‌ അവ പലപ്പോഴും ഇതര സാഹിത്യശാഖകളെ അതിശയിച്ചു നിന്നു.
എന്നാല്‍, മികച്ച കഥാകൃത്തുക്കള്‍ തങ്ങളെത്തന്നെ അനുകരിയ്‌ക്കുന്നതും ആ തനിയാവര്‍ത്തനങ്ങളുടെ വിരസത കണ്ടില്ലെന്നുവച്ച്‌ വായനാലോകം അവരെ വിഗ്രഹവത്‌ക്കരിയ്‌ക്കുന്നതും മലയാളത്തിന്റെ മാത്രം ദുരന്തമല്ല. നിറവും ഗുണവും കെട്ട ഈ വാടാമലരുകള്‍ക്കിടയില്‍, ഉദ്യാനത്തില്‍ പുതുനാമ്പുകള്‍ തളിര്‍ക്കുന്നതും, എന്തിന്‌ പൂത്തു വിടരുന്നതുപോലും സാമ്പ്രദായിക വായനാസമൂഹം തിരിച്ചറിയുന്നത്‌ ഏറെ വൈകിയാവും. പുതു ചെടികള്‍ക്ക്‌ വേരു പിടിയ്‌ക്കാനുള്ള ഇടം പോലും പലപ്പോഴും ലഭിയ്‌ക്കാറില്ലെന്നതും വസ്‌തുത.
ഇതിനിടയിലാണ്‌, പത്രാധിപര്‍ക്കും പ്രസാധകര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കഥകള്‍ വായനക്കാരിലേയ്‌ക്ക്‌ വന്നത്‌. ലോകമാകെ ആത്മപ്രകാശനത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച്‌ ബ്ലോഗ്‌ എന്ന സ്വതന്ത്ര ഇന്റര്‍നെറ്റ്‌ പ്രസാധക സംവിധാനം മലയാള കഥാകാരന്മാരുടെ തട്ടകമാകാനും നാളേറെ വേണ്ടിവന്നില്ല.
ബൂലോഗത്ത്‌ (ബ്ലോഗ്‌ ലോകം) നിറഞ്ഞ പച്ചപ്പില്‍ കളകളാണ്‌ ഏറെയും എന്ന വിമര്‍ശനം തുടക്കം മുതലുണ്ട്‌. ഈ കളകള്‍ക്കിടിയില്‍ സുന്ദരോദ്യാനങ്ങളിലെ രാജകീയമലരുകളേക്കാള്‍ മണമുള്ള ഇലകള്‍ ഉണ്ടായിരുന്നുവെന്ന്‌്‌ നാം മെല്ലയാണ്‌ തിരിച്ചറിഞ്ഞത്‌. ആ തിരിച്ചറിവിന്റെ സാക്ഷ്യമാണ്‌ ഇന്‍സൈറ്റ്‌ പബ്ലിക്ക പുറത്തിറക്കിയ പതിന്നാലു ബ്ലോഗ്‌ എഴുത്തുകാരുടെ കഥകള്‍ ചേര്‍ത്തുള്ള സമാഹാരം: പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍.
മികച്ച കഥകള്‍ കൊണ്ട്‌ വായനക്കാരെ മുമ്പു തന്നെ വിസ്‌മയിപ്പിച്ച ചുരുക്കം ചിലരെങ്കിലും ഈ കൂട്ടത്തിലുണ്ട്‌. കഥയാണോ ജീവിതം തന്നെയാണോ എന്ന്‌ സംഭ്രമിപ്പിയ്‌ക്കുന്ന നോവല്‍ സാഹിത്യം എന്ന മനോജ്‌ വെങ്ങോലയുടെ രചനയാണ്‌ ഇതില്‍ പ്രധാനം. ഉപമകളില്‍ സുഭാഷ്‌ ചന്ദ്രനേയും കഥകളില്‍ സക്കറിയയേയും വെല്ലുന്ന ശിവന്‍ പിറക്കാട്ട്‌ എന്ന കഥാകൃത്തിന്റെ ജീവിതമാണ്‌ അസൂയാര്‍ഹമായ ആഖ്യാനത്തികവുകൊണ്ട്‌ നമുക്ക്‌ മുമ്പിലെത്തുന്നത്‌.
അധികാരത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിയ്‌ക്കുന്ന നിരവധി കഥകള്‍ ഇക്കൂട്ടത്തിലുണ്ട്‌. സ്‌പെസിഫിക്‌ ഗ്രാവിറ്റി (ഉബൈദ്‌), ഖരമാലിന്യങ്ങള്‍ (പ്രദീപ്‌കുമാര്‍) എന്നിവയാണ്‌ ഇതില്‍ പ്രധാനം. കാലഘട്ടത്തിന്‌ അനുസൃതമായി കഥാസന്ദര്‍ഭങ്ങളിലും ഭാഷയിലും ഉണ്ടാകുന്ന മാറ്റം ഉബൈദിന്റെ കഥ അനുഭവിപ്പിയ്‌ക്കുന്നു. ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി ഏതുവിധേനയും സംസ്‌കരിച്ചെടുക്കുവാന്‍ കഴിയാത്ത തരത്തിലുള്ള ഖരമാലിന്യമായി മാറുന്ന സാമൂഹ്യ നേര്‍ക്കാഴ്‌ചയാണ്‌ പ്രദീപ്‌കുമാര്‍ പങ്കുവയ്‌ക്കുന്നത്‌.
മാറിയ കാലത്തെ സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ ഒറ്റരാത്രി കാഴ്‌ചകളാണ്‌ സിയാഫ്‌ അബ്‌ദുള്‍ ഖാദറിന്റെ കാസിനോ എന്ന കഥ. അക്രമത്തിന്റെയും ഭോഗത്തിന്റെയും വിഭ്രമകാഴ്‌ചകള്‍ അതിവേഗതയോടെ, അതിലേറെ സൂഷ്‌മതയോടെ കഥാകൃത്ത്‌ നമ്മുടെ തലച്ചോറിലേയ്‌ക്ക്‌ തൊടുത്തു വിടുന്നു.
സമകാലികമായ സ്‌ത്രീപക്ഷ രചനകള്‍ക്കും ഈ ചെറു പുസ്‌തകത്തില്‍ ഇടമുണ്ട്‌. മദ്ധ്യവയസ്സിലെ പ്രണയം ഒരു സ്‌ത്രീയെ എത്രത്തോളം മാറ്റിമറിയ്‌ക്കുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എങ്ങനെയൊക്കെയായിരിയ്‌ക്കുമെന്നും അതീവ കയ്യൊതുക്കത്തോടെ അനന്തരം എന്ന കഥയിലൂടെ സേതുലക്ഷ്‌മി ആവിഷ്‌കരിയ്‌ക്കുന്നു. തുടര്‍ച്ചയായ പീഡനങ്ങളിലും ഹൃദയം നുറുങ്ങിപ്പോകാതെ കാത്ത ചാരുലതയുടെ കഥയാണ്‌ റോസിലി ജോയിയുടേത്‌. ഇരയുടെ യഥാര്‍ത്ഥ്യത്തിലുള്ള മരണം എപ്പോഴാണ്‌ സംഭവിയ്‌ക്കുന്നതെന്ന്‌ പിരാനകള്‍ എന്ന രചനയിലൂടെ അറിയാം.
മാര്‍ക്വസിന്റെ മാജിക്കല്‍ റിയലിസവും കഥാപാത്രങ്ങളും പുനസൃഷ്‌ടിയ്‌ക്കപ്പെടുന്ന മലമടക്കുകളും വന്യരാത്രിയും ഷീലാ ടോമിയുടെ കഥയിലുണ്ട്‌. അങ്ങനെ മണ്ണിന്റെ ഹൃദയത്തിലേയ്‌ക്ക്‌ നോക്കുന്ന ദൂരദര്‍ശിനിയായി മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്‌തകം എന്ന കഥ മാറുന്നു.
ഊഷ്‌മള ഗന്ധങ്ങളിലൂടെ കരോള്‍ ബാഗ്‌ മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍ ഗബ്രിയേലിന്റെ കഥയാണ്‌ സുജ ജെ.എസ്‌ പറയുന്നത്‌. പത്മിനിയ്‌ക്ക്‌ വേണ്ടി അയാള്‍ വാങ്ങിയ വയല്‍പ്പൂക്കളുടെ ഗന്ധമുള്ള ലഹങ്കയും പ്രിയങ്ക സൈഗാളിനു നല്‍കിയ പച്ചക്കര്‍പ്പൂരത്തിന്റെ ഗന്ധമുള്ള ലഹങ്കയും വായനക്കാര്‍ക്ക്‌ മുമ്പില്‍ വിരിച്ചിടുന്നത്‌ പച്ചയായ ജീവിതത്തിന്റെ സൂഷ്‌മഗന്ധങ്ങള്‍ തന്നെ.
മാനസികവൈകല്യമുള്ള ഒരു സ്‌ത്രീയുമായി നടന്ന രതിയുടെ തീഷ്‌ണാനുഭമാണ്‌ മനോജ്‌ വി.ഡി എഴുതിയ രാത്രിമഴ. വസ്‌ത്രങ്ങളുടെ ബന്ധനമില്ലാതെ ഉടലിലേയ്‌ക്ക്‌ വലിച്ചടിപ്പിയ്‌ക്കുമ്പോള്‍ പ്രാന്തിപപ്പി പറയുന്നത്‌ ഇങ്ങനെയാണ്‌: നീയൊരു ആണാണ്‌...ഞാനൊരു പെണ്ണും!
അവതരണത്തിന്റെ അനായാസതയാല്‍ ആകര്‍ഷകമായ രചനയാണ്‌ എസ്‌ ജയേഷിന്റേത്‌. മൂന്നു തെലുങ്കന്‍മാര്‍ പഴനിയ്‌ക്ക്‌ പോയ കഥയില്‍ മൂന്നുപേരും എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ കഥാകാരന്റെ ഉള്‍ക്കാഴ്‌ചയുടെ തെളിവായി മാറുന്നു.
കച്ചവടതന്ത്രങ്ങളുടെ അഴിയാക്കുരുക്കുകളും അതില്‍ പെടുന്ന പച്ചമനുഷ്യരുടെ മനസാക്ഷി വിലാപങ്ങളുമാണ്‌ ധനസഹായം ബാറിന്റെ പ്രമേയം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജയദേവ്‌ വി എഴുതിയ ഈ കഥയ്‌ക്കും വായനയുടെ ലഹരി നല്‍കുവാന്‍ കഴിയുന്നുണ്ട്‌.
സിദ്ധന്‍ എന്ന കഥയിലൂടെ ചരിത്രത്തിന്റെ സഹയാത്രികനായ പത്രപ്രവര്‍ത്തകന്റെ നിസ്സഹായത ആരിഫ്‌ സെയ്‌നും ഒന്‍പതു തലകളും നീണ്ടകൈകാലുകളും ഉള്ളിലേയ്‌ക്ക്‌ ചുരുക്കി പന്തുകണക്കേ, മറ്റൊരു മൂര്‍ഛയേറിയ വാള്‍ത്തല മുകളില്‍ മിന്നുന്നതും കാത്ത്‌ ഉദ്വേഗത്തോടെ കാത്തിരിയ്‌ക്കുന്ന പ്രതികാരദാഹം ഹൈഡ്ര എന്ന കഥയിലൂടെ നിധീഷ്‌ ജിയും ആവിഷ്‌കരിയ്‌ക്കുന്നു. ബ്ലോഗ്‌ കഥകളുടെ മുഖമുദ്രയായ ലളിതവായനയ്‌ക്ക്‌ ഉദാഹരണമായി ബിജു ഡേവിസിന്റെ കുരിയപ്പന്‍ അലിയാസ്‌ മറഡോണ എടുത്തുകാട്ടാം.
പല കഥകളുടേയും ഒരുപിടി മുകളില്‍ നില്‍ക്കുന്ന ബിജു കാഞ്ഞങ്ങാടിന്റെ ചിത്രങ്ങളാണ്‌ പുസ്‌തകത്തിന്റെ മറ്റൊരു ആകര്‍ഷണം. ഡെനി ലാലിന്റെ കവര്‍ ഡിസൈനും നന്ന്‌. എന്നാല്‍, സംഭവിയ്‌ക്കരുതാത്ത അക്ഷരത്തറ്റുകള്‍ പുസ്‌തകത്താളുകളില്‍ ഏറെയുണ്ടെന്നും പറയാതെ വയ്യ.
സണ്ടേ മംഗളം 2.9.2012

Monday, August 20, 2012

കോടനാട്‌ സര്‍ഗ്ഗവേദിയില്‍

കോടനാട്‌ സര്‍ഗ്ഗവേദി സംഘടിപ്പിച്ച,
വായനയെ മുന്‍ നിര്‍ത്തിയുള്ള സെമിനാര്‍
കാലടി എസ്‌ മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.
വേദിയില്‍ സര്‍ഗ്ഗവേദി പ്രസിഡണ്റ്റ്‌ വിജയന്‍ മുണ്ട്യാത്ത്‌,
സ്റ്റീഫന്‍ സി.കോട്ടയ്ക്കല്‍, സുരേഷ്‌ കീഴില്ലം. 

സുരേഷ്‌ കീഴില്ലം.

പുറത്ത്‌ ഒരു അനൌപചാരിക കൂട്ടായ്മ:
യുവകവി രാജേഷ്‌ എന്‍.ആര്‍, ചെറുകഥാകൃത്ത്‌
മനോജ്‌ വെങ്ങോല,
 കേരള ലളിതകലാ അക്കാദമി അവാര്‍ഡ്‌ ജേതാവായ
ചിത്രകാരന്‍ ടി.എ മണി, സുരേഷ്‌ കീഴില്ലം. 
19.08.2012

Thursday, August 2, 2012

തണ്ടേക്കാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍

കവിയും പത്രപ്രവര്‍ത്തകനുമായ
ആണ്റ്റണി മുനിയറയ്ക്കൊപ്പം

തണ്ടേക്കാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ
വിവിധ ക്ളബുകളുടെ ഉദ്ഘാടന വേദിയില്‍
 ആശംസ പ്രസംഗം.
സ്കൂള്‍ പി.ടി.എ പ്രസിഡണ്റ്റ്‌ കെ.എ കൊച്ചഹമ്മദ്‌,
അദ്ധ്യാപകന്‍ കെ.എ നൌഷാദ്‌,
 പെരുമ്പാവൂ ര്‍  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.റോയി,
കവിയും പത്രപ്രവര്‍ത്തകനുമായ ആണ്റ്റണി മുനിയറ ,
സീനിയര്‍ അസിസ്റ്റണ്റ്റ്‌ ആര്‍ ഷീല

Thursday, July 12, 2012

ഒക്കലില്‍ സാംസ്കാരിക കൂട്ടായ്മ

ഒക്കല്‍ കര്‍ത്തവ്യ ലൈബ്രറി ആണ്റ്റ്‌ റീഡിംഗ്‌ സെണ്റ്ററിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരിക കൂട്ടായ്മ ബാലസാഹിത്യകാരന്‍ സുരേഷ്‌ മൂക്കന്നൂ ര്‍  ഉദ്ഘാടനം ചെയ്യുന്നു. കാലടി എസ്‌ മുരളീധരന്‍, സുരേഷ്‌ കീഴില്ലം, സത്യന്‍ താന്നിപ്പുഴ എന്നിവര്‍ വേദിയില്‍
 ഒക്കല്‍ കര്‍ത്തവ്യ ലൈബ്രറി ആണ്റ്റ്‌ റീഡിംഗ്‌ സെണ്റ്ററിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരിക കൂട്ടായ്മ ബാലസാഹിത്യകാരന്‍ സുരേഷ്‌ മൂക്കന്നൂറ്‍ ഉദ്ഘാടനം ചെയ്തു.
 ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴ രചിച്ച സെക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി എന്ന പുസ്തകം ചെറുകഥാകൃത്ത്‌ സുരേഷ്‌ കീഴില്ലം വി.പി സുരേഷിന്‌ നല്‍കി പ്രകാശനം ചെയ്തു. കാലടി എസ്‌ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. 
ചുമര്‍ ചിത്രകാരന്‍ പി.പി രാജേന്ദ്രന്‍, അഞ്ജലി ഷാജി, കെ.കെ അലിയാര്‍, ടി.ടി വില്‍സന്‍, എം.ബി രാജന്‍, എം.വി ജയപ്രകാശ്‌, വറുഗീസ്‌ തെറ്റിയില്‍, വി.പി സുരേഷ്‌, എം.വി ബാബു എന്നിവര്‍ സംസാരിച്ചു.
2012  ജൂണ്‍ 28-നായിരുന്നു ഇത്‌

Friday, May 18, 2012

എ. കെ ഹരികുമാര്‍ അക്ഷരജാലകത്തില്‍

കലാകൌമുദി 2012 മെയ്‌ ലക്കത്തില്‍ എം.കെ ഹരികുമാര്‍ അക്ഷരജാലകത്തില്‍ രണ്ടു മൈക്രോനോവലുകളെ പറ്റി പരാമര്‍ശിച്ചു. ശ്രീ. ഹരികുമാറിന്‌ നന്ദി. 

Saturday, May 5, 2012

വര്‍ണ്ണിഭയില്‍

എണ്റ്റെ രണ്ടു മൈക്രോ നോവലുകള്‍ എന്ന പുസ്തകത്തെ പറ്റി വര്‍ണിഭ കുടുബ സാംസ്കാരിക മാസിക 2012 ഫെബ്രുവരി ലക്കത്തില്‍ വന്ന പുസ്തക നിരൂപണം



Monday, January 30, 2012

മഴമുറ്റം-പ്രകാശനം

മഴമുറ്റം പ്രകാശനം
 എന്‍റെ ആദ്യ ബാലസാഹിത്യ നോവലായ മഴമുറ്റം പ്രശസ്ത നോവലിസ്റ്റ്‌ പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്യുന്നു. 
കവി ജയകുമാര്‍ ചെങ്ങമനാട്, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജോയ്സി ജോര്‍ജ്, സുരേഷ് കീഴില്ലം, സുരേഷ് പരിയാത്തു, മലയാള വിഭാഗം തലവന്‍ പോള്‍ വര്‍ഗീസ്‌ എന്നിവരാണ്‌ വേദിയില്‍. പുസ്തകം ഏറ്റുവാങ്ങുന്നത് യുവ കവി ജിനീഷ് ലാല്‍ രാജ്.
2007 ജനുവരി 19-ന് സെന്‍റ് പീറ്റേഴ്സ് കോളേജിലായിരുന്നു ചടങ്ങ്.

Monday, January 23, 2012

കവി ലൂയിസ്‌ പീറ്ററിനെ പറ്റി വിശകലനത്തില്‍

വിശകലനം -കവര്‍
മതിലകത്തു നിന്ന്‌ സുനില്‍ പി.മതിലകത്തിണ്റ്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന വിശകലനം മാസികയുടെ പുതിയ (ജനുവരി) ലക്കത്തില്‍ കവി ലൂയിസ്‌ പീറ്ററിനെ എഴുതിയിട്ടുണ്ട്‌.
മാസികയുടെ കവര്‍ സ്റ്റോറിയായി കവിയുടെ വിടര്‍ന്ന ചിരിയ്ക്ക്‌ ഇടം നല്‍കിയ പത്രാധിപര്‍ക്ക്‌ നന്ദി.
ലൂയിസ്‌ പീറ്ററിണ്റ്റെ കവിതകള്‍,
വിശകലനം-കുറിപ്പ്‌
അവ അര്‍ഹിയ്ക്കും മട്ടില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന നല്ല കാലം വരട്ടെ

Monday, January 16, 2012

സിപ്പി പള്ളിപ്പുറത്തിന്‍റെ സ്നേഹ സന്ദര്‍ശനം

പ്ര ശസ്ത ബാലസാഹിത്യകാരന്‍ ശ്രീ.സിപ്പി പള്ളിപ്പുറം ഇന്ന് മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ച്ല്‍ സ്കൂളില്‍ എത്തിയിരുന്നു. വാര്‍ഷികത്തിന് മുഖ്യ പ്രഭാഷകനായി. മടങ്ങും വഴി വീട്ടില്‍ ഒരു സ്നേഹ സന്ദര്‍ശനം.  മകള്‍ ദേവികയ്ക്ക്‌ സിപ്പി മാഷിന്‍റെ അനുഗ്രഹം. സ്വാതികനും സര്‍ഗധനനുമായ മാഷിന് നന്ദി.

Monday, January 9, 2012

രണ്ടു മൈക്രോ നോവലുകള്‍- പ്രകാശനം

രണ്ടു മൈക്രോ നോവലുകള്‍ പ്രശസ്ത നോവലിസ്റ്റ് കെ.കെ സുധാകരന്‍ പ്രകാശനം ചെയ്യുന്നു. കഥാകൃത്ത്  മനോജ്‌ വെങ്ങോല,  സുരേഷ് കീഴില്ലം  (നടുക്ക്)  എന്നിവരെയും കാണാം.

Tuesday, January 3, 2012

സുനില്‍ പെരുമ്പാവൂറ്‍

 സുനില്‍ പെരുമ്പാവൂറ്‍ ഫെയ്സ്‌ ബുക്കില്‍ ഇങ്ങനെ എഴുതി

Sunil Perumbavoor
Suresh Keezhillam പെരുമ്പാവൂരില്‍ നിന്നും ദോഹക്ക് മടങ്ങി വരുമ്പോള്‍ ഫ്ലൈറ്റിലിരുന്നു ഞാന്‍ നിങ്ങളുടെ പുതിയ പുസ്തകമായ " സുരേഷ് കീഴില്ലത്തിന്റെ രണ്ടു മൈക്രോ നോവലുകള്‍" വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. ആണ്‍ തുണയുണ്ടായിട്ടും , കടുത്ത കുറ്റബോധത്താല...്‍ നീറിപ്പിടഞ്ഞിട്ടും, പ്രകൃതിയുടെ സൃഷ്ടിപരമായ രാസവാക്യങ്ങളില്‍ ആധുനിക ജീവിതമെന്ന രാസത്വരകം കൂടി ചേര്‍ന്നപ്പോളു ളവായ വിയര്‍പ്പൊട്ടിയ കുറേ നെടുവീര്‍പ്പുകള്‍ ആകാശയാത്രയിലുടനീളം നീരാവിയായുരുണ്ടു കൂടിയ മേഘങ്ങള്‍ക്കിടയിലൂടെ എന്നെ മഥിച്ചു കൊണ്ടിരുന്നു.

സുരേഷ് ..
നിങ്ങളുടെ നായികമാരോട് ഇനിയെങ്കിലും വാതില്‍ അടച്ചു കിടക്കാന്‍ പറയണം. പാതി ചാരിയ വാതിലിലൂടെയും, അടക്കാന്‍ മറന്ന വാതിലിലൂടെയുമാണല്ലോ അവര്‍ തിരിച്ചറിവുകളുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്.
See More

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍

ചന്ദ്രിക ആഴ്ചപ്പതിപ്പിണ്റ്റെ ലൈബ്രറി താളില്‍ രണ്ടു മൈക്രോ നോവലുകള്‍ക്കും ഇടം.