Sunday, July 10, 2011

തുരുത്ത്‌

കഥ/സുരേഷ്‌ കീഴില്ലം

പരീക്ഷാ ഹാളിണ്റ്റെ വൃത്തികെട്ട മൌനത്തില്‍ ഞാനൊറ്റപ്പെട്ടിരിയ്ക്കുമ്പോഴാണ്‌ മുത്തശ്ശി എനിയ്ക്ക്‌ കൂട്ടു വന്നത്‌. ഒരു പാദചലനം അടുത്തെത്തിയപ്പോള്‍ ഇന്‍വിജിലേറ്ററാണെന്നേ കരുതിയൊള്ളു. എന്നാല്‍ എണ്റ്റെ ഹൃദയത്തിലേയ്ക്ക്‌ കടന്നു വന്നത്‌ മുത്തശ്ശിയാണെന്നു പറയുമ്പോള്‍, മുത്തശ്ശിയും പരീക്ഷയും തമ്മിലുള്ള ബന്ധത്തെ പറ്റി ഏതൊരാളാണ്‌ അത്ഭുതപ്പെടാതിരിയ്ക്കുക!

താളത്തില്‍ തുള്ളി വന്ന മുത്തശ്ശി എണ്റ്റെ ഹൃദയത്തില്‍ നിറകൊണ്ടു. പിന്നെപ്പിന്നെ അവരെണ്റ്റെ ഹൃദയത്തിണ്റ്റെ തന്നെ ഒരു കോണില്‍ ഇരുന്ന്‌ ശാന്തയായി സ്വാതിക ഭാവം കൈക്കൊണ്ട്‌, എന്നോട്‌ കനിവോടെ ചോദിച്ചു.

പരീക്ഷ്യാ ല്യോ?

ങ്ങും.

ഞാന്‍ മൂളി.

നീം ണ്റ്റെ കുട്ട്യേ അവര്‌ ജീവിയ്ക്കാന്‍ സമ്മതിയ്ക്കില്ല്യ ല്ലേ?

മുത്തശ്ശി പതുക്കെ കരഞ്ഞുതുടങ്ങി.

നെണക്ക്‌ രക്ഷപ്പെടാന്‍ ഒരു വഴീം ല്യാ-ല്ലേ?

കൊഴുത്ത്‌ ചുവന്ന മുത്തശ്ശിയുടെ കവിളിലൂടെ കണ്ണീര്‍ക്കണങ്ങള്‍ ഒലിച്ചിറങ്ങി. അത്‌ എണ്റ്റെ പരീക്ഷാ പേപ്പറിലൂടെ ഒഴുകിപ്പരന്നു. മഷി പടര്‍ന്ന പരീക്ഷാക്കടലാസില്‍ തിരകളുണര്‍ന്നു. ആഞ്ഞടിച്ചു. ഞാന്‍ ഒഴുക്കില്‍പ്പെട്ടു.

തിരയ്ക്കുമീതെ മഴയും.

എത്ര മഴപെയ്താലും ഈ കുന്നിന്‍മേല്‍ വെള്ളം കേറില്ലേ?

ഇല്യ.

ഇന്നും നാളേം നാളെകഴിഞ്ഞും?

ഇല്യായില്ല്യാ..

അതിണ്റ്റെ പിറ്റേന്നും-ഈ മാസം മുഴ്വോനും... ?

ണ്റ്റെ കുട്ട്യേ... അങ്ങന്‌ നെയൊരു മഴേണ്ടോ?

അങ്ങനെ പെയ്താ കുന്ന്‌ അടീലാവില്ലേ?

അങ്ങ്‌ നെ പെയ്താലേ പ്രളയാണ്ട്ാവാ-അപ്പോ കുന്ന്‌ മാത്രല്ലാ...ഈ ലോകം ലോകം മുഴ്വോനും വെള്ളത്തിനടീലാവും.

നമ്മളും?

ല്ല്യാണ്ടെങ്ങ്നാ കുട്ട്യേ. എല്ലാര്‍ടേം പോലല്ലേ നമ്മളും?

ഇല്ല. ഞാനും ണ്റ്റെ മുത്തശ്ശീം ഒര്‌ വഞ്ചീണ്ടാക്കീട്ട്‌...

തിരകള്‍ക്ക്‌ മേല്‍ ഉലയുന്ന വഞ്ചിയില്‍ മുത്തശ്ശിയുടെ മാറില്‍ ചാരി ഞാന്‍ നീങ്ങുകയാണ്‌.

മുത്തശ്ശി രാമായണം വായിയ്ക്കുകയായിരുന്നു അപ്പോള്‍.

അമ്മയ്ക്ക്‌ ഇതൊന്നു പതുക്കെ വായിച്ചൂടെ..?

അച്ഛന്‍ പറഞ്ഞു.

അവനു പരീക്ഷ അടുക്ക്വാ..

മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല. വായന നിര്‍ത്തി എഴുന്നേറ്റു പോയി.

അപ്പോഴും ഹോം വര്‍ക്ക്‌ ഉത്തരം കിട്ടാതെ എന്നെ പരിഹസിച്ചുകൊണ്ടിരുന്നു.

എത്ര നേരായി കുട്ടീ നീയിരിപ്പിങ്ങ്നെ ഇരിയ്ക്കുണൂമുത്തശ്ശി എണ്റ്റെ തലയില്‍ മെല്ലെത്തലോടി. ഞാന്‍ ദൈന്യതയോടെ മുത്തശ്ശിയെ നോക്കി.

ഇനി ഈ മാമ്പഴം തിന്നിട്ടു മതി പഠിത്തൊക്കെ...

ന്താമ്മേ ഇത്‌? പറമ്പില്‌ ഒക്കെ കെടക്കണതല്ലേ.

അമ്മ അടുക്കളയില്‍ നിന്ന്‌ വന്ന്‌ പറഞ്ഞു. എടാ അത്‌ കളഞ്ഞേക്ക്‌...

അതാപ്പോ നന്നായേ...ണ്റ്റെ കുട്ടീ മുത്തശ്ശി തരണതല്ലേ-തിന്നോളൂട്ടോ... ഒരു കുഴപ്പോല്യ...

ന്താ ഈ അമ്മയ്ക്ക്‌ പറ്റീത്‌? അവന്‌ പരീക്ഷ്യാന്നൊള്ളത്‌ മറന്നോ? അമ്മ മാമ്പഴം വാങ്ങി ദൂരേയ്ക്ക്‌ എറിഞ്ഞു.

ഞാന്‍ മയക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നു.

ഇല്ല.

മുത്തശ്ശിയില്ല.

മുന്നില്‍ തിരകള്‍ അലറിയടിയ്ക്കുന്നു. പിന്നെപ്പിന്നെ മെല്ലെ ഒതുങ്ങുന്നു. നിശ്ചലമായ നീലപ്പരപ്പ്‌.

നീലിച്ച പരീക്ഷാ പേപ്പര്‍.

അപ്പോഴും പരീക്ഷാ പേപ്പറിലേയ്ക്ക്‌ കണ്ണീര്‍ വീഴുന്നുണ്ടായിരുന്നു.

എന്താ തനിയ്ക്ക്‌ പറ്റീത്‌?

ഇന്‍വിജിലേറ്ററുടെ അമ്പരപ്പുള്ള ചോദ്യം.

ഈ പരീക്ഷാ ഹാളിണ്റ്റെ മൌനമാകെ, ദൈവമേ എണ്റ്റെ നാവിന്‍ തുമ്പില്‍ത്തന്നെയാണല്ലോ തളം കെട്ടി കിടക്കുന്നത്‌.

1994 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌


പരീക്ഷ കീറാമുട്ടിയാകുന്ന ഒരു കുട്ടിയുടെ മനസ്സാണ്‌ സുരേഷ്‌ കീഴില്ലത്തിണ്റ്റെ തുരുത്തില്‍. വര്‍ത്തമാനകാലം പരീക്ഷകളുടേതാവുന്നതിണ്റ്റെ വിഭ്രാന്തിയുണ്ടിതില്‍. അലിവ്‌ ആശ്വാസമാകുന്നതിണ്റ്റെ സൂചനയും. മുത്തശ്ശി അലിവാണ്‌ ഇവിടെ. പക്ഷെ, കീഴില്ലം, പ്രത്യാശ തീരെ ഉപേക്ഷിയ്ക്കണോ. പരീക്ഷകളിലൊക്കെ വലിയ വിജയം നേടുന്ന മിടുക്കന്‍മാന്‍ നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരാണ്‌!

(മാതൃഭൂമി (പുസ്തകം 72 ലക്കം 26) (1994) യില്‍ ബാലപംക്തിയിലേയ്ക്ക്‌ ഈ കഥ തെരഞ്ഞെടുത്തുകൊണ്ട്‌ കഥാകൃത്ത്‌ അക്ബര്‍ കക്കട്ടില്‍ എഴുതിയത്‌)

1 comment:

Kalavallabhan said...

വീണ്ടും ആശംസകൾ